Trending

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മുഖ്യ പ്രതിയായ ബാലുശ്ശേരി സ്വദേശി പിടിയിൽ

ബാലുശ്ശേരി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. ബാലുശ്ശേരി തുരുത്യാട് സ്വദേശി കുഞ്ഞാലേരി തയ്യിൽ ഷൈലേഷ് (58) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ പേരാമ്പ്ര സ്വദേശികളായ 3 പേർ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 2024 മെയ് മാസത്തിലണ് ഇയാൾ റെയിൽവേയിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു ഇവരിൽ നിന്നും പണം തട്ടിയത്.

പരസ്യം നല്‍കി ആളുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുകയും പിന്നീട് ചെന്നൈ തൃച്ചിയില്‍ വെച്ച് റിക്രൂട്ട്‌മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നല്‍കുകയും വ്യാജ ട്രെയിനിങ് നല്‍കി വിശ്വസിപ്പിച്ച ശേഷം ഇതുവച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വന്‍ തോതില്‍ പണം വാങ്ങുകയും ചെയ്യുകയാണ് ഇയാളുടെ രീതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. 

പിന്നീട് ഇയാള്‍ നാട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് ബാലുശ്ശേരി തുരുത്തിയാട് വെച്ച് പൊലീസ് പിടികൂടിയത്. ഈ രീതിയില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. റോട്ട് വീലര്‍ ഉള്‍പ്പെടെ പത്തോളം കാവല്‍ നായകൾ ഉള്ളതിനാല്‍ പരാതിക്കാര്‍ക്ക് ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാനുള്ള ഭയം പ്രതിക്ക് സഹായകമായി. 

വളരെ സഹസികമായാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷിദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എം സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോജോ, ബൈജു എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post