നടുവണ്ണൂർ: നടുവണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കരുവണ്ണൂര്‍ കളയന്‍കുളത്ത് കെ.കെ രജീഷ് (39), അരിക്കുളം ചാത്തന്‍വള്ളി മുഹമ്മദ് ജാസില്‍ (23) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നടുവണ്ണൂര്‍ കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്കിലാണ് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. ഷെഡില്‍ നിര്‍ത്തിയിട്ട KL 52 G 2596 അല്‍-മനാമ എന്ന ബസാണ് ഒരു സംഘം കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി കയറി. ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം ഇവര്‍ പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോവുകയായിരുന്നു.
പമ്പ് ജീവനക്കാര്‍ ബഹളമുണ്ടാക്കുകയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെ ബസ്സിനെ പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബസ് തടയാനായി. എന്നാല്‍, പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി.ജംഷീദ്, എസ്‌ഐമാരായ പി.ഷമീര്‍, എം കുഞ്ഞമ്മദ്, സിപിഒമാരായ കെ.കെ ജയേഷ്, സിഞ്ജു ദാസ്, മണിലാല്‍, ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.