തെഹ്റാൻ: ഇറാന്‍ ന്യൂസ് സ്റ്റുഡിയോയിലേക്ക് നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിനിടെ പതറാതെ വാര്‍ത്ത വായിച്ച അവതാരക സഹര്‍ ഇമാമിക്ക് വെനിസ്വേലന്‍ സൈമന്‍ ബൊളിവര്‍ പുരസ്‌കാരം. ഇറാന്‍ റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് വാര്‍ത്താ അവതാരകയാണ് സഹര്‍ ഇമാമി. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്ച നടന്ന ദേശീയ പത്രപ്രവര്‍ത്തകദിന ചടങ്ങില്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ അഭിമാനകരമായ പുരസ്‌കാരം സമ്മാനിച്ചു. വെനിസ്വേലയിലെ ഇറാന്‍ അംബാസഡര്‍ അലി ചെഗിനി പുരസ്‌കാരം ഏറ്റുവാങ്ങി.
ജൂണ്‍ 16ന് തത്സമയ വാര്‍ത്താ സംപ്രേഷണം നടക്കുന്നതിനിടെയാണ് ഐആര്‍ബിയുടെ വാര്‍ത്താ വിഭാഗം സ്ഥിതി ചെയ്യുന്ന കേന്ദ്ര കെട്ടിട ഇസ്രായില്‍ ആക്രമിച്ചത്. ആക്രമണ സമയത്ത് ഇമാമി വാര്‍ത്ത അവതരിപ്പിക്കുകയായിരുന്നു. ആദ്യ പ്രഹരത്തില്‍ കെട്ടിടം വിറച്ചിട്ടും പതറാതെ ആക്രമണത്തെ അപലപിച്ച് അവര്‍ പ്രക്ഷേപണം തുടര്‍ന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ഇസ്രായില്‍ ഇറാനെ ആക്രമിച്ചത്. ഇറാന്‍ സൈനിക കമാന്‍ഡറും ഉന്നത ആണവ ശാസ്ത്രജ്ഞരെയും ആക്രമണത്തില്‍ ഇസ്രായില്‍ വധിച്ചിരുന്നു. ഇറാന്‍ ജനത ആക്രമണത്തെ ഒന്നടങ്കം ചെറുത്തു നില്‍ക്കുമ്പോള്‍ ഇമാമിയുടെ സേവനത്തിന് വലിയ പങ്കുണ്ടെന്ന് പ്രസിഡൻ്റ് നിക്കോളസ് മദുറോ പറഞ്ഞു.