തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കടലിൽ ബോട്ടുകള്‍ ഇറങ്ങും. പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയപ്പോൾ കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളിൽ കുരുങ്ങി ലക്ഷങ്ങൾ വില വരുന്ന വല നശിക്കുമോ എന്ന ആശങ്കയുമായാണ് ബോട്ടുടമകൾ ഇക്കുറി കടലിലിറക്കുന്നത്.
ഏതാണ്ട് 4200 ഓളം യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമാണ് പ്രതീക്ഷയോടെ കടലിൽ ഇറങ്ങുന്നത്. തിങ്കളാഴ്ച മുതൽ തന്നെ തൊഴിലാളികൾ ബോട്ടുകളിൽ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുക്കങ്ങൾ നടത്തിവരികയാണ്. ജി പി എസ് റഡാർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അറ്റകുറ്റപ്പണി കഴിഞ്ഞ് ബോട്ടിൽ പിടിപ്പിക്കുകയും ചെയ്തു.
ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങി. 50 ശതമാനം തൊഴിലാളികളും ഇതര സംസ്ഥാനത്തിൽ നിന്നുള്ളവരാണ്. തുറമുഖങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാൻ സഹായിക്കുന്ന തൊഴിലാളികൾ, ഐസ് ഫാക്ടറി ജീവനക്കാർ, പലചരക്കുകടകൾ, വല നിർമ്മാണ കമ്പനി ജീവനക്കാർ, മത്സ്യം തരം തിരിക്കുന്ന തൊഴിലാളികൾ, കമ്മീഷൻ ഏജന്റുമാർ, ഡ്രൈവർമാർ, പീലിങ് ഷെഡുകളിലെ തൊഴിലാളികൾ എന്നിങ്ങനെ തീരദേശം മുഴുവൻ ഉണർന്നു.