ടോക്കിയോ: ഒരു ജാപ്പനീസ് മാംഗ ആർട്ടിസ്റ്റിന്റെ പ്രവചനത്തിന്റെ കുരുക്കിലാണ് ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ. ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണ് മേഖലയിലാകെ ഭയപ്പാടും ആശയക്കുഴപ്പവും ഉണ്ടാക്കിയത്. 2025 ജൂലൈ അഞ്ചിന് പുലർച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് ബാബാ വാംഗയുടെ പ്രവചനം. 2011-ലെ സുനാമിയും കോവിഡ് വ്യാപനവുമൊക്കെ നേരത്തെ പ്രവചിച്ചിട്ടുണ്ടെന്നാണ് തത്സുകി ആരാധകരുടെ വാദം. ഇവരുടെ ഫ്യൂച്ചർ ഐസോ എന്ന കൃതിയിലൂടെയാണ് ഇത്തരം പ്രവചനങ്ങൾ നടത്താറ്. 2011ലെ ഭൂകമ്പവും അതേതുടർന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവർ പേജിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. അതിൽ വിശദീകരിച്ചതുപോലെ ആ ദിവസം തന്നെയാണ് ദുരന്തമുണ്ടായത്. ഇത് സത്യത്തിൽ പ്രിന്റ് ചെയ്തത് 1999 ലായിരുന്നു. 2011ലെ ദുരന്തത്തിന് പിന്നാലെ വലിയ ചർച്ചയാവുകയും ഈ കൃതി വളരെ വേഗം ജപ്പാനിൽ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു.
തുത്സുകി കാണുന്ന സ്വപ്നങ്ങളാണ് 1999ൽ ഇവർ തന്റെ കൃതികളിലൂടെ പുറത്തിറക്കിയത്. അതിന്റെ കവർ പേജിലാണ് 2011-ലെ ദുരന്തത്ത കുറിച്ച് പറയുന്നത്. ഈ കൃതിയിൽ ആകെ 15 സ്വപ്നങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. അതിൽ 13 എണ്ണം ഇതുവരെ സത്യമായതായി തത്സുകിയുടെ ആരാധകർ വാദിക്കുന്നു. ബ്രീട്ടീഷ് രാജകുമാരി ഡയാനയുടെ ദാരുണാന്ത്യവും കോവിഡ് വ്യാപനവുമൊക്കെ അതിൽ പരാമർശിച്ചിരുന്നുവെന്നാണ് മറ്റൊരു വാദം. ഇതിനൊന്നും ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെങ്കിലും സാമൂഹമാധ്യമങ്ങളിൽ ജൂലൈ 5ന് നടക്കാൻ പോകുന്ന ദുരന്തത്തേപ്പറ്റിയുള്ള ചർച്ചകൾ കൊടുങ്കാറ്റുപോലെ ശക്തിപ്രാപിച്ചു. ഇതോടെ ആളുകൾ ഭയചകിതരായി. ജപ്പാൻ, ഹോങ്കോങ്, തായ്‌വാൻ തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിലുള്ള യാത്രകൾ മിക്കതും ഒഴിവാക്കി. അന്നേദിവസം ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കി. ഇതോടെ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
'ജപ്പാനും ഫിലിപ്പൻസിനും ഇടയിൽ കടൽ തിളച്ചുമറിയും'. ഇത് 2025 ജൂലൈ അഞ്ചിന് പുലർച്ചെ 4.18 സംഭവിക്കുമെന്നാണ് റിയോ തത്സുകിയുടെ ബുക്കിലുള്ള ഒരു പ്രവചനം. ഇതിനെ പലതരത്തിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. സമുദ്രത്തിനടിയിൽ ഭൗമാന്തര ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെ കുറിച്ചാകാമെന്ന് ചിലർ പറയുമ്പോൾ അതല്ല അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ചിലർ വാദിക്കുന്നു. കടൽ തിളച്ചുമറിയണമെങ്കിൽ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടാകുന്ന സുനാമിയാകാമെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. ഇതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. സോഷ്യൽ മീഡിയയിൽ ആകെ ജുലൈ അഞ്ച് ഡിസാസ്റ്റർ, റിയോ തത്സുകി പ്രവചനം തുടങ്ങിയ ഹാഷ്ടാഗുകൾ നിറഞ്ഞു. ആളുകൾ പരിഭ്രാന്തരായി. ചൈന, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജൂലൈ 5ന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാര യാത്രകൾ 80 ശതമാനത്തോളം റദ്ദായി. ഇത്തരം അനാവശ്യഭീതി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജപ്പാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയെങ്കിലും ആളുകൾ കേട്ടഭാവമില്ല. ഇത്തരത്തിലൊരു ദുരന്തമുണ്ടാകുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് സർക്കാർ വൃത്തങ്ങളും വിദഗ്ധരും നിരന്തരം പറയുണ്ടെങ്കിലും ഇനിയെങ്ങാനും ദുരന്തം സംഭവിച്ചാലോ എന്ന ഭീതി സർക്കാർ വൃത്തങ്ങളിലെ ചിലർക്കെങ്കിലും ഉണ്ട്.