ന്യൂഡല്‍ഹി: വിവാഹമോചനത്തിന്റെ ഭാഗമായി മുംബൈയില്‍ വീടും 12 കോടിരൂപ ജീവനാംശവും ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട് യുവതി. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് യുവതി ഇത്തരം ആവശ്യമുന്നയിക്കാന്‍ പാടില്ലെന്നും സ്വന്തം നിലയ്ക്ക് സമ്പാദിച്ചുകൂടേയെന്നും സുപ്രീം കോടതിയുടെ മറുചോദ്യം. യുവതിയുടെ ആവശ്യം കേട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയാണ് ഇങ്ങനെ ചോദിച്ചത്. നിങ്ങളൊരു ഐടി പേഴ്‌സണ്‍ ആണ്. എംബിഎയുമുണ്ട്. ബെംഗളൂരുവിലും ഹൈദരാബിലുമൊക്കെ ജോലിസാധ്യതയുണ്ട്. നിങ്ങള്‍ക്കും എന്തുകൊണ്ട് ജോലി ചെയ്തുകൂടാ, കോടതി ആരാഞ്ഞു. പതിനെട്ടുമാസം മാത്രം നീണ്ട വിവാഹബന്ധത്തിന് ഓരോ മാസത്തിനും ഒരു കോടി എന്ന നിലയ്ക്കാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ഭര്‍ത്താവ് അതിധനികനാണ് എന്നായിരുന്നു യുവതിയുടെ മറുപടി. വിവാഹബന്ധം വേര്‍പെടുത്താൻ ആവശ്യപ്പെട്ടത് ഭര്‍ത്താവാണെന്നും താന്‍ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിക്കുന്നതായും യുവതി ചൂണ്ടിക്കാണിച്ചു. അതേസമയം, യുവതിയും ജോലി ചെയ്യണമെന്നും എല്ലാം ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നും ഭര്‍ത്താവിനുവേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പിതാവിന്റെ സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിക്കരുതെന്ന് കോടതി യുവതിയെ ഓർമിപ്പിച്ചു. യുവതി സ്വന്തമായാണ് വാദിച്ചത്. ഭര്‍ത്താവ് ബാങ്ക് മാനേജരാണെന്നും സ്വന്തമായി രണ്ട് ബിസിനസുകളുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. തനിക്ക് കുഞ്ഞിനെ വേണമായിരുന്നു. എന്നാല്‍, അതിന് ഭര്‍ത്താവ് തയ്യാറായിരുന്നില്ല. താന്‍ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിച്ച് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. മുന്‍പുണ്ടായിരുന്ന ജോലി രാജിവെക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് കോടതി ഭര്‍ത്താവിന്റെ നികുതി റിട്ടേണ്‍ രേഖകള്‍ പരിശോധിച്ചു. ജോലി വിട്ടതിന് പിന്നാലെ ഭര്‍ത്താവവിന്റെ വരുമാനത്തിൽ കുറവുണ്ടായതായി അഭിഭാഷകര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതി രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്ന് ഫ്ളാറ്റു കൊണ്ട് തൃപ്തിപ്പെടാനും നല്ലൊരു ജോലി കണ്ടെത്താനും യുവതിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അല്ലെങ്കില്‍ നാലുകോടി രൂപ സ്വീകരിക്കൂ. പുണെയിലോ ഹൈദരാബാദിലോ ബെംഗളൂരുവിലോ നല്ല ജോലി കണ്ടെത്തൂ. നിങ്ങള്‍ ഇത്രയും പഠിച്ചയാളല്ലേ. ഇങ്ങനെ ആവശ്യപ്പെടാതെ സ്വന്തം നിലയ്ക്ക് സമ്പാദിക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു. കേസ് വിധി പറയാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.