നടുവണ്ണൂർ: നടുവണ്ണൂരിൽ ഷെഡില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്‍ദ്ധരാത്രിയിൽ കടത്തികൊണ്ട് പോവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 52 ജി 2596 അല്‍-മനാമ ബസാണ് ഒരു സംഘം കടത്തിക്കൊണ്ടു പോവാൻ ശ്രമിച്ചത്. ഇന്നലെ അർധരാത്രി 11.30 ഓടെയാണ് സംഭവം. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസുമായി കരുവണ്ണൂരിലെ പമ്പില്‍ നിന്നും ഡീസല്‍ അടിച്ചശേഷം സംഘം പണം നല്‍കാതെ ബസ് പേരാമ്പ്ര ഭാഗത്തേയ്ക്ക് ഓടിച്ചുകൊണ്ടു പോകുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിന്തുടര്‍ന്ന് പേരാമ്പ്ര കൈതക്കല്‍ വെച്ച് പിടികൂടുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ ഓടി രക്ഷപ്പെട്ടു. കാവുന്തറ സ്വദേശികളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ബസ് മൈസൂരിലേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് കരുതുന്നത്. ബസ് മോഷണം നടത്തിയതാണോ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷണത്തിലേ വ്യക്തമാവൂ.