കോഴിക്കോട്: മാവൂരിൽ ഇരുചക്ര വാഹന ഷോറൂമില്‍ വൻ തീപിടിത്തം. മാവൂർ പോലീസ് സ്റ്റേഷന് സമീപമുള്ള കെഎംഎച്ച് മോട്ടോഴ്‌സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് സംഭവം. ഷോറൂമിന് അകത്ത് നിന്നും തീയും പുകയും ഉയരുന്നത് പട്രോളിങ്ങിലായിരുന്ന പോലീസുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ഉടന്‍ ഷോറൂം ഉടമകളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉടമകള്‍ ഷോറൂം തുറന്ന് തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അകത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. ഇതോടെ മുക്കം അഗ്നിശമന സേനയെ വിവരമറിയിച്ചു. ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഞ്ച് മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ഷോറൂമിന് മുൻവശത്ത് കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. പോലീസും പ്രദേശവാസികളും ചേർന്ന് ഇവയെല്ലാം ഈ ഭാഗത്തു നിന്നും നീക്കിയത് അപകടത്തിൻ്റെ തീവ്രത കുറച്ചു. ഷോറൂമിനകത്തണ്ടായിരുന്ന എല്ലാ ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ഷോറൂമിനോട് ചേർന്ന് ആശുപത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും ക്വാർട്ടേഴ്‌സുകളും വീടുകളും ഉണ്ടായിരുന്നെങ്കിലും ഫയർ യൂണിറ്റിൻ്റെ അവസരോചിതമായ ഇടപെടലിൽ മറ്റ് ഇടങ്ങളിലേക്കൊന്നും തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.