കോയമ്പത്തൂർ: തമിഴ്‌നാട് വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു. വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത- മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡിൽ നിന്നും വാൽപ്പാറയിൽ തോട്ടം ജോലിക്കെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കുട്ടി വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നുമാണ് പുലിയെത്തിയത്. അമ്മ വീടിന് സമീപത്തെ ജല സംഭരണിയില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ പോയതായിരുന്നു. കിട്ടിയെ പുലി കടിച്ചു വലിച്ച് തേയിലത്തോട്ടത്തിനകത്തേക്ക് കൊണ്ടുപോയെന്നാണ് അമ്മ നല്‍കിയിരിക്കുന്ന മൊഴി.
തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചില്‍ നടത്തുന്നു. നേരത്തെയും വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് തോട്ടം തൊഴിലാളിയായ സ്ത്രീയെയാണ് പുലി കടിച്ചുകൊണ്ടു പോയത്. അതിന് പിന്നാലെയാണ് പുതിയ സംഭവം.