അത്തോളി: പാവങ്ങാട്- ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. സ്കൂട്ടറിൽ സഞ്ചരിച്ച അത്തോളി കണ്ണിപ്പൊയിൽ 'വൈശാഖ' ത്തിൽ അനലിനാണ് പരിക്കേറ്റത്. തലയ്ക്കും മറ്റും പരിക്കേറ്റ യുവാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 3 മണിയോടെ അത്തോളി ജി.എം.യു.പിസ്കൂളിനും പൊലീസ് സ്റ്റേഷനുമിടയിലെ ഹമ്പിലാണ് അപകടം.
മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത ഇവിടെ ഹമ്പിൽ വാഹനങ്ങൾ കയറിയിറങ്ങിയുള്ള അപകടം പതിവാണ്. അത്താണി ഭാഗത്തു നിന്നും വരുന്ന സ്കൂട്ടർ ഹമ്പിൽ കയറിയിറങ്ങവേ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. കോഴിക്കോട് ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും സ്കൂട്ടർ ഭാഗികമായും തകർന്നു.