കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്ന മൂന്നര വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുലയുടെയും ഷാജിയുടെയും മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.40 ഓടെയാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് നായയുടെ ആക്രമത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ചെവിയിലും കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റതായി ഡോക്ടർമാർ അറിയിച്ചു.
നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ചെവി കടിച്ചു മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.