പേരാമ്പ്ര: പേരാമ്പ്ര കൂത്താളിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂത്താളി സ്വദേശി ചെമ്പോടൻ പൊയിൽ ഹംസയുടെ മകൻ അനസാണ് പിടിയിലായത്. വീട്ടിൽ നിന്നും 3.096 ഗ്രാം എംഡിഎംഎയുമായാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ സുഹൃത്തും കരുവണ്ണൂർ സ്വദേശിയുമായ റിസ്വാൻ എന്നയാളെ കഴിഞ്ഞ ദിവസം 70 ഗ്രാം എംഡി എംഎയുമായി പേരാമ്പ്ര പോലീസ് പിടികൂടിയിരുന്നു. റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അനസിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് കൂത്താളി, കടിയങ്ങാട്, പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളിൽ യുവാക്കൾക്കും പെൺകുട്ടികൾക്കും വലിയ തോതിൽ ഇയാൾ ലഹരി വിതരണം ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും റൂറൽ ജില്ലാ പോലിസ് മേധാവി കെ.ഇ ബൈജുവിന്റെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീദിൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര എസ്ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.