കോഴിക്കോട്: കോഴിക്കോട് തളിയിൽ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.
യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദ്ദിക്കാനായി പൊലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദ്ദിച്ചതെന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പൊലീസും തല്ലി. കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പൊലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും. അടിച്ചു തീർക്കാനാണെങ്കിൽ അടിച്ചു തീർക്കാം. പൊലീസ് വേണ്ട നടപടിയെടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞു.