Trending

ബേപ്പൂർ കപ്പൽ തീപിടിത്തം; കൊയിലാണ്ടിയിലെ തീരദേശ വാസികളും ജാ​ഗ്രത പാലിക്കണമെന്ന് കലക്ടർ


കോഴിക്കോട്: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ചരക്ക് കപ്പലിന് തീപിടിച്ച സംഭവത്തില്‍ കൊയിലാണ്ടി തീരത്തും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. ബേപ്പൂരിനും അഴീക്കലിനും സമീപമുള്ള തീരദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ട്രറുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്‌. ഒപ്പം കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് ഇന്ന് രാവിലെ തീപിടിച്ചത്‌. ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലത്തിലാണ് സംഭവം. കപ്പലിൽ നിന്നും 50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇവര്‍ക്ക്‌ പൊള്ളലേറ്റതായാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്.

20 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തിൽപെട്ടത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്. നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പലിനെ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാർ. ജീവനക്കാരിൽ ഏറെയും ചൈന, മ്യാൻമർ പൗരന്മാരാണ്. പൊള്ളലേറ്റ ജീവനക്കാരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചു ചികിത്സ നൽകാനുള്ള ശ്രമമാണ് നടത്തുന്നത്.

Post a Comment

Previous Post Next Post