ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തിൽ മനംനൊന്ത് 27കാരിയായ റിധന്യ എന്ന പെൺകുട്ടി ജീവനൊടുക്കി. ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിൽ മനംനൊന്താണ് റിധന്യ ജീവനൊടുക്കിയത്. കാറിൽ കീടനാശിനി കഴിച്ച് മരിച്ച നിലയിലായിരുന്നു റിധന്യയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വർഷം ഏപ്രിലിലായിരുന്നു റിധന്യയും 28കാരനായ കവിൻകുമാറും തമ്മിലുള്ള വിവാഹം നടന്നത്. 800 ഗ്രാം സ്വർണവും ഒരു വോൾവോ കാറുമാണ് റിധന്യയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. എന്നാൽ ഭർത്താവും ബന്ധുക്കളും തന്നെ വീണ്ടും ഉപദ്രവിക്കുകയായിരുന്നുവെന്ന് റിധന്യ പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് തന്റെ അച്ഛന് ഏഴോളം ഓഡിയോ മെസേജുകൾ റിധന്യ അയച്ചിരുന്നു. ഭർതൃവീട്ടിലെ മാനസികപീഡനം സഹിക്കാൻ വയ്യെന്നും ജീവനൊടുക്കുന്നതിൽ ക്ഷമിക്കണമെന്നുമായിരുന്നു ഒരു ഓഡിയോ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ‘ഓരോ ദിവസവും ഈ മാനസിക പീഡനം സഹിക്കാൻ വയ്യ. ആരോടാണ് ഇത് പറയേണ്ടത് എന്നും എനിക്ക് അറിയില്ല. എന്നെ കേൾക്കാൻ തയ്യാറായവരെല്ലാം പറയുന്നത് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും സഹിക്കാൻ തയ്യാറാകണമെന്നുമാണ്. ഒരാൾ പോലും എന്നെ മനസിലാക്കാൻ തയാറാകുന്നില്ല’; എന്നായിരുന്നു സന്ദേശം.
ഒരുപക്ഷെ നിങ്ങളെന്നെ സംശയിച്ചേക്കാമെന്നും എന്നാൽ താൻ പറയുന്നത് സത്യമാണെന്നും റിധന്യ പറയുന്നുണ്ട്. തന്റെ ചുറ്റുമുള്ളവർ എല്ലാം അഭിനയിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും നിശ്ശബ്ദയായിരിക്കുന്നതെന്ന് തനിക്കുതന്നെ അറിയില്ല. ഇനിയും ഒരു ബാധ്യതയായി ഇരിക്കാൻ തനിക്ക് വയ്യ. ഇപ്രാവശ്യം തെറ്റായ തീരുമാനമെടുക്കില്ല. ഭർത്താവ് തന്നെ ശാരീരികമായും ബന്ധുക്കൾ മാനസികമായും ഉപദ്രവിക്കുകയാണ്. ഇനിയും ജീവിക്കാൻ താനില്ലെന്നും റിധന്യ ഒരു ശബ്ദ സന്ദേശത്തിൽ പറയുന്നു.