തിരുവനന്തപുരം: വാക്സിനെടുത്ത ഏഴു വയസുകാരി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ. കൊല്ലം സ്വദേശിയായ പെൺകുട്ടിയാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിൽ ചികിത്സയിലുള്ളത്. ഏപ്രിൽ 8 നായിരുന്നു പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനിവരികയും തുടർന്ന് രണ്ട് ദിവസം മുൻപാണ് എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.