Trending

യുവാവിനെ ആക്രമിച്ച് ഫോണ്‍ പിടിച്ചുപറിച്ച് പണം തട്ടി; വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ പിടിയില്‍


കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളായ യുവാക്കള്‍ പിടിയില്‍. മുഖദാര്‍ സ്വദേശികളായ കളരി വീട്ടില്‍ മുഹമ്മദ് അജ്മല്‍, മറക്കും കടവ് വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (22) ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത സുഹൃത്തടക്കം മൂന്നു പേരാണ് കസബ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയും അക്കൗണ്ടില്‍ ഉണ്ടായിരുന്ന 19,000 രൂപ മൊബൈല്‍ ഫോണില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്‌തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കസബ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടുകയും കൂടാതെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. 

പ്രതികള്‍ പിടിച്ചുപറിച്ചു കൊണ്ടുപോയ മൊബൈല്‍ ഫോണ്‍ മാവൂര്‍ റോഡിലുള്ള ഗള്‍ഫ് ബസാറില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. വില്‍പ്പന നടത്തുമ്പോള്‍ അവിടെ നല്‍കിയ ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത ആളുടേതാണെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു രണ്ട് പ്രതികളെ മൂന്നാലിങ്ങല്‍ വച്ച് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 

കസബ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശ്രീ നായരുടെ നേതൃത്വത്തില്‍ എസ്ഐ സനീഷ്, എഎസ്ഐ സജേഷ് കുമാര്‍, എസ് സിപിഒ മാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിപിഒ വിപിന്‍ രാജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post