പാലക്കാട്: ഓൺലൈൻ ഷോപ്പിംഗ് ഫ്ലാറ്റ്ഫോമായ ആമസോണിൽ ലാപ്‌ടോപ്പ് ഓർഡർ ചെയ്‌ത ഉപഭോക്താവിന് ലഭിച്ചത് മാർബിൾ കല്ല്. പാലക്കാട് എളമ്പുലാശ്ശേരിയിലാണ് സംഭവം. എളമ്പുലാശ്ശേരി സ്വദേശി വേണുഗോപാലിനാണ് മാർബിൾ കല്ല് ഡെലിവർ ചെയ്‌തത്. ഏപ്രിൽ 26ന് വേണുഗോപാലിന്റെ മകളുടെ ഭർത്താവാണ് 40,000ലധികം രൂപാ വിലവരുന്ന ലാപ്‌ടോപ്പ് ആമസോൺ വഴി ഓർഡർ ചെയ്‌തത്. 'മേയ് ഒന്നിന് ഡെലിവറി ചെയ്‌തു. എന്നാൽ ആരും സ്ഥലത്തില്ലാത്തതിനാൽ മേയ് നാലിനാണ് പാക്കറ്റ് തുറന്നത്. പായ്‌ക്ക് അഴിച്ചപ്പോൾ ലാപ്‌ടോപ്പിന്റെ ബോക്‌സായിരുന്നില്ല ഉള്ളിലുണ്ടായിരുന്നത്. ആ ബോക്‌സ് തുറന്നതും മാർബിൾ കല്ല് പുറത്തുവന്നു.‘ വേണുഗോപാൽ പറഞ്ഞു.
കമ്പനിയിൽ വിളിച്ചപ്പോൾ മേയ് 9ന് അകം അന്വേഷിച്ച് പറയാമെന്നും ശേഷം പേയ്‌മെന്റ് റിട്ടേൺ ചെയ്യാമെന്നും ആമസോണിൽ നിന്ന് അറിയിച്ചു. എന്നാൽ മേയ് 9ന് വിളിച്ചപ്പോൾ സാധാരണ ഡെലിവറി ചെയ്യുന്ന തരത്തിൽ തന്നെയാണ് അയച്ചതെന്നും പണം തിരികെ നൽകാനാകില്ലെന്നും അവർ വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള പരാതിയിൽ മറുപടിയായി തങ്ങൾ ഉണ്ടാക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നില്ലെന്നും ലാപ്ടോപ്പ് കൃത്യമായി എത്തിച്ചു നൽകിയെന്നും തങ്ങൾക്ക് ചെയ്യാവുന്ന കാര്യത്തിൽ പരിമിതികളുണ്ടെന്നും ആമസോൺ കമ്പനി ഉപഭോക്തൃ കോടതിയിൽ അറിയിച്ചു. ലാപ്‌ടോപ്പ് അല്ലെങ്കിൽ അതിന് ചിലവായ പണം മടക്കികിട്ടണമെന്നാണ് വേണുഗോപാൽ കമ്പനിയോട് ആവശ്യപ്പെടുന്നത്.