കൊടുവള്ളി: കൊടുവള്ളിയിൽ നിന്നും തട്ടികൊണ്ട് പോയ യുവാവിനെ കണ്ടെത്തി. കൊടുവള്ളി സ്വദേശി അനൂസ് റോഷനെ (18) യെണ് അഞ്ച് ദിവസങ്ങൾക്ക് ശേഷം തട്ടികൊണ്ട് പോയ സംഘം തിരികെ വിട്ടത്. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. പിതാവ് റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടന്‍ യുവാവുമായി കൊടുവളളിയില്‍ എത്തും. പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.