കൊച്ചി: കൊച്ചിയിൽ ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. മുത്തക്കുന്നം സ്വദേശി ആര്യ അശോകൻ (33) ആണ് മരിച്ചത്. ബസ് കാത്തുനിന്ന യുവതിയുടെ തലയിലേക്ക് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് സിമന്റ് ഇഷ്ടിക വീഴുകയായിരുന്നു. അപകടത്തിൽ ആര്യയുടെ കൂടെയുണ്ടായിരുന്ന മകൾക്കും പരിക്കേറ്റിരുന്നു.
ടോമി പുളിക്കൽ എന്നയാളുടെ കെട്ടിടത്തിൽ നിന്നാണ് ഇഷ്ടിക തലയിലേക്ക് വീണത്. കടയിലെ ഷീറ്റ് പറന്നു പോകാതിരിക്കാൻ തൊഴിലാളികൾ വെച്ച ഇഷ്ടികയാണ് കാറ്റത്ത് പറന്നുവീണത്. ഇക്കാര്യം പറഞ്ഞപ്പോൾ കെട്ടിട ഉടമകൾ നിരസിച്ചുവെന്ന് ആര്യയുടെ ഭർത്താവ് ആരോപിക്കുന്നു. തൊഴിലാളികളുടെ അശ്രദ്ധയാണെന്നാണ് ഉടമകളുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വൈകിട്ട് മുനമ്പം മാണി ബസാറിൽ വച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാര പരിക്കേറ്റ മകൾ ശിവാത്മികക്ക് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.