ഇടുക്കി: ഇടുക്കി അടിമാലിയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ചു. വീട് പൂര്‍ണമായും അഗ്‌നിക്കിരയായി. അടിമാലി കൊമ്പിടിഞ്ഞാലിലാണ് സംഭവം. സ്വദേശികളായ ശുഭ, ശുഭയുടെ അമ്മ, രണ്ട് ആണ്‍മക്കൾ എന്നിവര്‍ താമസിച്ച വീടാണ് കത്തിനശിച്ചത്. ഇവരാണ് മരിച്ചതെന്ന് സംശയിക്കുന്നു. നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം മാത്രം തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കുര അടക്കം കത്തി നശിച്ച നിലയില്‍ കണ്ടത്. വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. വീടിന് എങ്ങനെ തീ പിടിച്ചു എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.