മഞ്ചേരി: മഞ്ചേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. എടതത്തനാട്ടുകര വെളിയഞ്ചേരി ചേരിപറമ്പ് താഴത്തേപീടിക മുഹമ്മദ് റഫീഖ് (60) ആണ് മരിച്ചത്. കല്ലടി എംഇഎസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആയിരുന്നു. കൂടെ കാറിൽ സഞ്ചരിച്ചിരുന്ന ഭാര്യ, മകൻ എന്നിവർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ നിന്നും വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ പറമ്പിലെ മതിലിൽ ഇടിച്ചാണ് നിന്നത്. ബസ് താഴേക്ക് പതിക്കാതിരുന്നത് വലിയ അപകടം ഒഴിവായി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും മറ്റും തകർന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഓടികൂടിയ നാട്ടുകാരും യാത്രക്കാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. റഫീഖിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അപകടത്തെ തുടർന്ന് മഞ്ചേരി നിലമ്പൂർ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി.