ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉദംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും വിവരമുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദ്ദേശം നൽകി.
ഇതിനിടെ ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 'എക്‌സി'ല്‍ കുറിച്ചു. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ലംഘനമുണ്ടായിരിക്കുന്നത്.