ന‍്യൂഡൽഹി: ഇന്ത‍്യ പാക് വെടി നിർത്തൽ കരാർ അംഗീകരിച്ചതായി സ്ഥിരീകരിച്ച് രാജ‍്യം. ശനിയാഴ്ച 5 മണി മുതൽ വെടി നിർത്തൽ കരാർ പ്രാബല‍്യത്തിൽ വന്നു. എന്നാൽ അമേരിക്കയുടെ അവകാശവാദം ഇന്ത‍്യ തള്ളി. മൂന്നാംകക്ഷി വെടി നിർത്തലിൽ ഇടപ്പെട്ടിട്ടില്ലെന്ന് വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രി വ‍്യക്തമാക്കി. വെടി നിർത്തൽ ആവശ‍്യപ്പെട്ട് പാക്കിസ്ഥാന്‍റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന‍്യങ്ങൾക്കിടെയിലെ ചർച്ച ഫലം കാണുകയായിരുന്നു. വെടി നിർത്തൽ അംഗീകരിച്ചതായി പാക്കിസ്ഥാനും സ്ഥിരീകരിച്ചു.
അതേസമയം വെടിനിർത്തലിന് മധ‍്യസ്ഥത വഹിച്ചത് അമെരിക്കയാണെന്ന് വ‍്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത‍്യ ഇതിനെ അപ്പാടെ തള്ളി കളഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ട്രംപ് അവകാശവാദം ഉന്നയിച്ചത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ത‍്യൻ വിദേശകാര‍്യ മന്ത്രിയും പാക് സൈനിക മേധാവിയുമായും നടത്തിയ ഒരു രാത്രി നീണ്ടു നിന്ന ചർച്ചയ്ക്ക് ശേഷമാണ് ധാരണയായതെന്നും ട്രംപ് എക്സിൽ കുറിച്ചിരുന്നു.