കൊയിലാണ്ടി: വീട് നിർമ്മാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്ത് സജീവന്‍ (55) ആണ് മരിച്ചത്. ആറ് പേരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. കൊയിലാണ്ടി നന്തിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
പുതുതായി നിര്‍മ്മിക്കുന്ന വീട് പണിക്ക് എത്തിയതാണ് സജീവന്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം. മതിലിന് സമീപത്ത് നിന്നും മണ്ണ് എടുത്ത് തറയില്‍ ഇടുന്നതിനിടെ മതില്‍ ഇടിഞ്ഞു വീണെന്നാണ് ലഭിക്കുന്ന വിവരം. ഏതാണ്ട് ആറടിയോളം പൊക്കമുള്ള മതിലാണ് സജീവൻ്റെ ദേഹത്തേക്ക് തകർന്ന് വീണത്. മണ്ണും കല്ലും ഉൾപ്പെടെ ഇടിഞ്ഞു വീണതോടെ അതിനുള്ളിൽ അകപ്പെട്ടു പോവുകയായിരുന്നു.
തലയ്ക്ക് ഗുരുതമായി പരിക്കേറ്റ സജീവനെ വീട്ടുകാരും സഹ തൊഴിലാളികളും ചേർന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.