Trending

കൂരിയാട് നിർമ്മാത്തിലിരുന്ന ദേശീയപാത തകർന്ന് അപകടം; 3 കാറുകൾ അപകടത്തിൽപ്പെട്ടു


മലപ്പുറം: നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66-ലെ ആറുവരിപ്പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. മലപ്പുറം ജില്ലയില്‍ കോഴിക്കോട്- തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഒരു ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു.

അതേസമയം ആളപായമില്ല. സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. അപകടത്തിന് പിന്നാലെ സര്‍വീസ് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

ഇതുവഴി വരുന്ന വാഹനങ്ങള്‍ വി.കെ പടിയില്‍ നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണ് എന്ന് അധികൃതര്‍ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം. കഴിഞ്ഞവര്‍ഷം മഴക്കാലത്ത് സര്‍വീസ് റോഡില്‍ വെള്ളം കയറിയിട്ട് തങ്ങള്‍ പ്രതിഷേധിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണം.

സാധാരണഗതിയില്‍ വലിയ വാഹന തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ഭാഗ്യംകൊണ്ടാണ് വലിയൊരു ദുരന്തം വഴിമാറിയതെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനിടെ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിഷേധിക്കുകയും ചെയ്തു

Post a Comment

Previous Post Next Post