Trending

ആലപ്പുഴയിൽ 48 കാരന് കോളറ; കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസ്


ആലപ്പുഴ: ആലപ്പുഴയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശി രഘു പി.ജിക്ക് (48) ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തിൽ വിശദ പരിശോധന നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

തലവടിയിൽ സമീപവാസികളുടെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. നിയന്ത്രണവിധേയമെന്നും നിർമ്മാർജനം ചെയ്തെന്നും കരുതിയിയിരുന്ന കോളറ കേസുകൾ ആവർത്തിക്കുന്നത് ആരോഗ്യ വകുപ്പിന് മുന്നിലുയർത്തുന്നത് വലിയ വെല്ലുവിളിയാണ്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരൻ മരിച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ രോഗം സ്ഥിരീകരിച്ചത്.

2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ രോഗം റിപ്പോർട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമിൽ 26കാരൻ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായിരുന്നില്ല.

Post a Comment

Previous Post Next Post