കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 40കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ എയർ കസ്റ്റംസിൻ്റെ പിടിയിലായി. ഹൈബ്രിഡ് കഞ്ചാവും മിഠായിയിലും ബിസ്കറ്റിലും കലർത്തിയ എംഡിഎംഎയുമാണ് ഇവരിൽ നിന്നും പിടികൂടിയത്. തായ്‌ലാൻഡിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ വന്ന ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂർ സ്വദേശി കവിത രാജേഷ് കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോ തൂക്കം വരുന്ന തായ്ലാൻഡ് നിർമിത ചോക്ലേറ്റ്, കേക്ക് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ്, എയർ ഇൻ്റലിജൻസ് യൂണിറ്റുകളാണ് പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ വിപണനം ചെയ്യാൻ ലക്ഷ്യമാക്കിയാണ് ഇവ എത്തിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.