തിരുവനന്തപുരം: കേരള സ്കൂൾ ഹയർസെക്കൻഡറി പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പ്ലസ്‌വൺ പ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മെയ് 20 ആണ് അവസാന തീയതി. 24ന് ട്രയലും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെൻ്റും പ്രസിദ്ധീകരിക്കും. ജൂൺ 18 മുതലാണ് പ്ലസ്‌വൺ ക്ലാസുകൾ ആരംഭിക്കുക.
ചൊവ്വാഴ്ച പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ ഫലം കൂടി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഏകജാലക പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചത്. മുഖ്യ അലോട്ട്മെൻ്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റടക്കം പൂർത്തിയാക്കി ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. 4,74,917 പ്ലസ്‌വൺ സീറ്റുകളാണ് ഇത്തവണ സംസ്ഥാനത്ത് ലഭ്യമാക്കിയിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഒരുക്കി കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളിലും രക്ഷിതാക്കളിലും ആശങ്ക ഉണ്ടാക്കുന്ന പ്രവണത ഉണ്ടാകുന്നെങ്കിൽ കർശ്ശന നടപടി സ്വീകരിക്കും. നിയമവിരുദ്ധമായാണ് പ്രവേശനം നടത്തുന്നതെന്ന് പരാതി നൽകിയാൽ അടിയന്തര നടപടി സ്വീകരിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശന റൂൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി അറിയിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും, പ്രദേശത്തെ ഗവൺമെൻ്റ് അല്ലെങ്കിൽ എയ്ഡ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബിലൂടെ അദ്ധ്യാപകരുടെ സഹായം പ്രയോജനപ്പെടുത്തിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക.
അപേക്ഷ നൽകുമ്പോൾ ആവശ്യമായ രേഖകൾ
1. എസ്എസ്എൽസി മാർക്ക് ലിസ്റ്റ്
2. ആധാർ കാർഡ് നമ്പർ
3. ആർട്‌സ്, സ്പോർട്‌സ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികൾ ആണെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റ്
4. ഒടിപി ലഭിക്കുന്നതിനായി ആക്ടീവ് സിം കാർഡ് ഉള്ള മൊബൈൽ ഫോൺ നമ്പർ
5. ബോണസ് പോയിൻ്റ് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ (LSS,USS,SPC,NCC, JRC, Scout and Guide, Little kite…)
പ്രധാന തീയതികൾ
• ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി- 14/05/2025
• അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20/05/2025
• ട്രയൽ അലോട്ട്മെൻ്റ് തീയത്: 24/05/2025
• ആദ്യ അലോട്ട്മെൻ്റ് തീയതി: 02/06/2025
• മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 17/06/2025
• പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന തീയതി 18/06/2025