കുന്ദമംഗലം: കുന്ദമംഗലത്ത് രണ്ട് ഇടങ്ങളിൽ നിന്നായി 94 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് (24), നരിക്കുനി പുല്ലാളൂർ സ്വദേശി റോഷ്ന ഹൗസിൽ മുഹമ്മദ് ഷാജിൽ (49) എന്നിവരാണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്.
ഡാൻസാഫിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് രണ്ടുപേരെ 220 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി മറ്റ് നാലുപേരെയും പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആരാമ്പ്രം സ്വദേശി റിൻഷാദും പുല്ലാളൂർ സ്വദേശി മുഹമ്മദ് ഷാജിലും പിടിയിലായത്.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുന്ദമംഗലം പോലീസിന്റെ പിടിയിലായ റിൻഷാദ്, കുറച്ചുനാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ആക്ടീവ സ്കൂട്ടറിൽ വിൽപ്പനക്ക് എത്തിച്ച 59 ഗ്രാം എംഡിഎംഎയാണ് റിൻഷാദിൽ നിന്ന് പിടികൂടിയത്. കാറിൽ വില്പനയ്ക്ക് എത്തിച്ച 35 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാജിലും പിടിയിലായി.
യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും കുന്ദമംഗലം പോലീസ് അറിയിച്ചു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും