Trending

കൊടുവള്ളിയിൽ കല്യാണ സംഘത്തിൻ്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞു, വീണത് പെട്രോൾ പമ്പിൽ; വൻ ദുരന്തം ഒഴിവായി

കൊടുവള്ളി: കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം ഉൾപ്പെടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്‌തു. അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്‌തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസെത്തി പെട്രോൾ പമ്പിൻ്റെ സമീപത്തുനിന്നും മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ട‌ിക്കുകയുമായിരുന്നു. ഷമീറിനെയും സംഘത്തെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post