Trending

കൂരാച്ചുണ്ടിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളിയായ ബംഗാൾ സ്വദേശി മഹേഷ്‌ ദാസ് (30) നെ നാലുദിവസമായി കാണാനില്ലെന്ന് സുഹൃത്തുക്കൾ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.

കിണറിന്റെ പുറത്ത് നിന്ന് നോക്കിയപ്പോൾ സുഹൃത്തുക്കൾ മഹേഷ്‌ ദാസിന്റെ മൃതദേഹമാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ മൃതദേഹം പുറത്തെടുത്തത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്ന് കൂരാച്ചുണ്ട് പോലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അർദ്ധ രാത്രിയോടെ പേരാമ്പ്ര ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് മഹേഷിന്റെതാണെന്ന് ഉറപ്പ് വരുത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുള്ളുവെന്ന് പോലീസ് അറിയിച്ചു.

കൂരാച്ചുണ്ടിൽ രാത്രി സമയങ്ങളിൽ അതിഥിത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷം പതിവാണ്. ലഹരി ഉപയോഗവും ഇവർക്കിടയിൽ കൂടുതലാണ്. കൂരാച്ചുണ്ട് പോലീസ് പലതവണ അതിഥിത്തൊഴിലാളികളിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളിയും ഇത്തരത്തിൽ സംഘർഷത്തിൽ പങ്കാളിയാവുന്ന വ്യക്തിയായിരുന്നു. ആഴ്ചകൾക്കു മുൻപും ഇവർക്കിടയിൽ തർക്കങ്ങൾ നടന്നിരുന്നു. മേലേ അങ്ങാടിയിൽ താമസിക്കുന്ന തൊഴിലാളിയുടെ മൃതദേഹം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾക്കു സമീപമുള്ള കിണറ്റിൽ എങ്ങനെയെത്തിയെന്നത് ദുരൂഹതയാണ്.

Post a Comment

Previous Post Next Post