ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിൽ വെച്ചാണ് സംഭവം നടന്നത്. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങ് ആണ് പാക് സൈന്യത്തിന്റെ പിടിയിലായത്. കര്‍ഷകര്‍ക്കൊപ്പം അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെ പാക് റേഞ്ചേഴ്‌സ് ആര്‍പി സിങിനെ പിടികൂടുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ സൈനികന്റെ കൈവശം റൈഫിളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മോചനം ഉറപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോർട്ട്. സൈനികരോ, സാധാരണക്കാരോ ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് പതിവാണ്. തുടര്‍ന്ന് സൈനിക പ്രോട്ടോകോള്‍ വഴി ഇത് പരിഹരിക്കപ്പടാറുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ല, വാഗാ അതിർത്തി അടക്കും, ഷിംല കരാർ മരവിപ്പിക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾ നിർത്തി വെയ്ക്കും തുടങ്ങിയ നടപടികൾ ഇന്ന് പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചു. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ അറിയിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലായിരുന്നു തീരുമാനം.