കോഴിക്കോട്: ബീച്ചിൽ കളിക്കുന്നതിനിടെ പോത്തുകളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറ് വയസുകാരിക്ക് ഗുരുതര പരിക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക്ക യാസർ അറാഫത്തിന്റെ മകൾ ഇസ മെഹക്കിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തായാണ് സന്ദർശകരെ ഭീതിയിലാഴ്‌ത്തിയ സംഭവമുണ്ടായത്. രണ്ട് പോത്തുകൾ പെട്ടെന്ന് ആളുകൾക്കിടയിലേക്ക് എത്തുകയായിരുന്നു. ഇതിൽ ഒരു പോത്ത്, കടലിൽ കുളിച്ച ശേഷം കരയിലേക്ക് കയറിയ കുട്ടികളെ ആക്രമിക്കുകയായിരുന്നു.
ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് നിലത്തുവീണ കുട്ടിയുടെ വാരിയെല്ലിൽ പോത്ത് ചവിട്ടുകയായിരുന്നു. മറ്റ് കുട്ടികളെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും കണ്ടുനിന്നവരും ചേർന്ന് ബഹളമുണ്ടാക്കി പോത്തുകളെ ഓടിച്ചു.