കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മെയ് 10 മുതല്‍ ജിദ്ദയിലേക്ക് യാത്ര തിരിക്കും. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ആദ്യ തീര്‍ഥാടക സംഘവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മെയ് 10ന് പുലര്‍ച്ചെ 1.10ന് യാത്ര തിരിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മെയ് 11 ന് പുലര്‍ച്ചെ നാലിനും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മെയ് 16ന് വൈകുന്നേരം 5.55നുമാണ് സര്‍വീസുകള്‍.
കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും കണ്ണൂര്‍, കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനിയുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 31ഉം കണ്ണൂരില്‍ നിന്ന് 29ഉം കൊച്ചിയില്‍ നിന്ന് 21 വിമാന സര്‍വീസുകളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കരിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 177 തീര്‍ഥാടകര്‍ യാത്രയാകും. കരിപ്പൂർ സര്‍വീസുകള്‍ മെയ് 22 വരേയും കണ്ണൂരില്‍ നിന്ന് മെയ് 29 വരേയുമാണ്. കൊച്ചി സര്‍വ്വീസുകള്‍ മെയ് 30ന് പൂര്‍ത്തിയാകും. ആവശ്യമായ ഘട്ടങ്ങളില്‍ അധിക സര്‍വീസുകളും ഏര്‍പ്പെടുത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 15,870 തീര്‍ഥാടകരാണ് ഇത്തവണ പോകുന്നത്. ഇതില്‍ 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്രങ്ങള്‍ വഴിയാണ് യാത്ര. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴുപേർ ഉൾപ്പെടെ 5393 പേർ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് യാത്രയാകും. കൊച്ചിയില്‍ നിന്ന് 5990 പേരാണ് യാത്രയാകുന്നത്. ഇതില്‍ 310 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മറ്റ് സംസ്ഥാനങ്ങളിലെ 31 പേരടക്കം 4811 പേരാണ് കണ്ണൂരില്‍ നിന്ന് യാത്രയാകുന്നത്.