കൊല്ലം: കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ലഹരി പാർട്ടി നടത്തിയ യുവാക്കൾ പിടിയിൽ. സംഭവത്തിൽ കൊല്ലം പത്തനാപുരത്തു നിന്നും കുഞ്ഞിന്റെ പിതാവ് ഉൾപ്പെടെ നാലുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം മണക്കാട് സ്വദേശി വിവേക്, കഠിനംകുളം സ്വദേശി വിപിൻ, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്.
പേയാട് സ്വദേശിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ലഹരി പാർട്ടി നടത്തിയത്. പാർട്ടി നടക്കുന്നിടത്തു നിന്നും 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ എന്നിവയും, ഒരു ഡിജിറ്റൽ ത്രാസും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. തുടർന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്.