കണ്ണൂർ: മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലള്ളതാണ് വാഹനം. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകട കാരണം. മോട്ടോർ വാഹന വകുപ്പും കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കും.
ഇന്നലെ ഉച്ചയോടെയാണ് പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പണിച്ചിപ്പാറയിൽ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള വളയാലിൽ പോയി തിരികെ വീണ്ടും പണിച്ചിപ്പാറ ഭാഗത്തു പോകുന്നതിനിടെയാണ് അപകടം.പാലയോട് കനാൽക്കരയിൽ നിന്നു നിയന്ത്രണം വിട്ട കാർ പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലേക്കു മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല.