കൊച്ചി: മരിച്ച നിലയിൽ കണ്ടെത്തിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി.അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോർജ് പി.അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദമാക്കുന്നു.
അടുത്തിടെ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനാണ് ജോർജ് പി.അബ്രഹാം.