കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി.എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ ഫാം ഹൗസിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ സഹോദരനൊപ്പമാണ് ഡോക്ടര്‍ ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. 2500ലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട് ജോർജ്.പി.എബ്രഹാം. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ 13 വർഷത്തിലേറെ പരിചയമുള്ള ഡോ.ജോര്‍ജ് 9000-ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ കഡാവര്‍ ട്രാന്‍സ്പ്ലാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഇദ്ദേഹം നടത്തുകയുണ്ടായി.
യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രത്തൻ അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ് ടൈം ഹെൽത്ത് അച്ചീവ്മെന്‍റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്.