തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ വകുപ്പ്. 2019-20ന് ശേഷം നടന്ന നിയമനങ്ങള്‍ റദ്ദാക്കാനാണ് തീരുമാനം. ചില സ്ഥാപനങ്ങളില്‍ മാനേജര്‍മാര്‍ യോഗ്യതയില്ലാത്തവരെ നിയമിച്ചതിനാലാണ് നടപടി. ഇത്തരം മാനേജര്‍മാർക്കെതിരെ നടപടിയെടുക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.
പെതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഉത്തരവുള്ളത്. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും, ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
2019-20 അധ്യായന വര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാനും, സ്ഥാനക്കയറ്റം നല്‍കാനും പാടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി മാനേജ്‌മെന്റുകള്‍ എയ്ഡഡ് അധ്യാപക നിയമനങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവര്‍ കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ സാധിക്കുകയുള്ളൂ.