മലപ്പുറം: മലപ്പുറം ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെ വെടിയേറ്റ് യുവാവിന്റെ കഴുത്തിന് ഗുരുതര പരിക്ക്. ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി നല്ലേങ്ങര ലുഖ്മാനുൽ ഹകീമിനാണ് (32) വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെമ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തിൽ നടന്ന താലപ്പൊലി ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഇരു പ്രദേശത്തുകാർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ചെമ്പ്രശ്ശേരി ഈസ്റ്റ്, കൊടശ്ശേരി പ്രദേശത്തുകാരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ ദിവസം സമീപത്തെ പുളിവെട്ടിക്കാവ് ക്ഷേത്രോത്സവത്തിനിടെ ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും പ്രശ്നമുണ്ടായത്. ഒരു യുവാവ് ആൾക്കൂട്ടത്തിലേക്ക് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തതോടെ ലുഖ്മാനുൽ ഹകീമിന്റെ കഴുത്തിന് പരിക്കേൽക്കുകയായിരുന്നു. പെപ്പർ സ്‌പ്രേയും എയർ ഗണ്ണും സൈക്കിൾ ചെയിനും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉത്സവപ്പറമ്പിലെ കച്ചവട സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. പാണ്ടിക്കാട് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.