പത്തനംതിട്ട: പത്തനംതിട്ട ഇരട്ടകൊലപാതകത്തിൽ ഭാര്യയുടെ ഫോണിൽ നിന്നും കൂട്ടുകാരന്റെ രഹസ്യ സന്ദേശം കണ്ടെത്തിയെന്നും അത് ഇരുവരും തമ്മിലുള്ള രഹസ്യബന്ധത്തെ വ്യക്തമാക്കുന്നതായിരുന്നെന്നും പ്രതിയുടെ മൊഴി. ഭാര്യ വൈഷ്ണവി കൂട്ടുകാരൻ വിഷ്ണുവുമായി നടത്തിയിരുന്ന വാട്‌സാപ്പ് ചാറ്റ് കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതി ബൈജു കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടാക്കുകയും അക്രമം ഭയന്ന് വൈഷ്ണവി, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയും ഇവിടെ വെച്ച് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
വൈഷ്ണവിയ്ക്ക് വിഷ്ണുവുമായി രഹസ്യബന്ധത്തിന് മറ്റൊരു ഫോൺ ഉണ്ടായിരുന്നതായും ബൈജു കണ്ടെത്തിയെന്ന് പറയുന്നു. ഇതാണ് ഇരുവരേയും സംശയിക്കാൻ കാരണമായതെന്നാണ് വിവരം. കൊലയ്ക്ക് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ വൈഷ്ണവിയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കിയ ശേഷം പ്രതി ആക്രമിച്ചു. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.