തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം നാളെ. കെ.സുരേന്ദ്രന് പകരമായിട്ടാണ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ് ചന്ദ്രശേഖർ. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. ഇന്നു ഉച്ചയ്ക്കുശേഷം അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ ഒരാളിൽനിന്ന് മാത്രം പത്രിക സ്വീകരിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരുമോ അതോ മറ്റാരെങ്കിലും നേതൃപദവിയിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രൻ പ്രസിഡന്റായത്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഉയർന്നതും സുരേന്ദ്രന് അനുകൂലമാകുമെന്ന് ഒരു വിഭാഗം കരുതിയിരുന്നു. ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോൾ ജനറൽ സെക്രട്ടറിയായ എം.ടി. രമേശിന് സാധ്യതയുണ്ടെന്നും ഒരുകൂട്ടർ വാദിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിൽ ബിരുദാനന്തര ബിരുദവും നേടിയ രാജീവ് വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964ല്‍ അഹമ്മദാബാദിലാണ് രാജീവിന്‍റെ ജനനം. തൃശൂർ കൊണ്ടയൂരിലാണ് അമ്മവീട്. ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയുടെ സഹയാത്രികനായി. 2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വിപുലമാക്കി.