മലപ്പുറം: പകുതിവില തട്ടിപ്പില്‍ ഒന്നാം പ്രതിയായി സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. അനന്തു കൃഷ്ണനാണ് രണ്ടാം പ്രതി. മൂന്നാം പ്രതിയായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സായിഗ്രാമം ട്രസ്റ്റിന്റെ അഖിലാണ്ഡ ചെയര്‍മാന്‍ ആനന്ദ കുമാര്‍ നിര്‍ബന്ധിച്ചതു മൂലമാണ് ചാരിറ്റി സംഘടനയെന്നു കരുതി എന്‍ജിഒ ഫെഡറേഷന്റെ ഉപദേശക സ്ഥാനം സ്വീകരിച്ചതെന്നു ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ സ്‌കൂട്ടറിന്റെ പേരു പറഞ്ഞു പണം പിരിക്കുന്നെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്തു നിന്നു തന്റെ പേരു മാറ്റണമെന്നു ആനന്ദകുമാറിനോടു പറഞ്ഞിരുന്നെന്നു ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. ഫെഡറേഷന്റെ രണ്ടു യോഗങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഒരു ഉപദേശവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. താന്‍ പങ്കെടുത്ത രണ്ടു യോഗങ്ങളിലും സ്വാഗതം പറഞ്ഞതു തട്ടിപ്പുകാരനായ അനന്തുകൃഷ്ണനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പിന്റെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയായ മലപ്പുറം അങ്ങാടിപ്പുറം കെ.എസ്.എസിന്റെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത 318 (4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.