Trending

ഹജ്ജ്: പാസ്പോർട്ടുകൾ സ്വീകരിക്കാൻ 4 പ്രത്യേക കൗണ്ടറുകൾ, ഫെബ്രുവരി 18 വരെ സ്വീകരിക്കും

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്പോർട്ടുകൾ സ്വീകരിക്കാൻ നാല് പ്രത്യേക കൗണ്ടറുകൾ. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി.

കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലും തീർത്ഥാടകരുടെ പാസ്പോർട്ടുകൾ സ്വീകരിക്കുന്നതിന് പുറമെയാണ് പ്രത്യേക കൗണ്ടറുകൾ. തിങ്കളാഴ്ച‌ രാവിലെ പത്തു മുതൽ രണ്ടു വരെ തിരുവനന്തപുരം പാളയം നന്ദാവനം എ.ആർ പൊലീസ് ക്യാമ്പിന് എതിർവശത്തുള്ള മുസ്‌ലിം അസോസിയേഷൻ ഹാളിൽ കൗണ്ടർ പ്രവർത്തിക്കും.

കൊച്ചിയിൽ 12ന് രാവിലെ 10 മുതൽ മൂന്നു വരെ കലൂർ വഖഫ് ബോർഡ് ഓഫിസിലെ കൗണ്ടറിൽ പാസ്പോർട്ടുകൾ നൽകാം.16ന് രാവിലെ പത്തു മുതൽ മൂന്നു വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും 17ന് രാവിലെ പത്തു മുതൽ രണ്ടു വരെ കാസർകോട് കലക്ട‌റേറ്റിലും പാസ്പോർട്ട് സ്വീകരണ കൗണ്ടറുകളുണ്ടാകും.

ഫെബ്രുവരി 18 വരെയാണ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പാസ്പോർട്ട് സമർപ്പിക്കാൻ അവസരമുള്ളത്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫീസിലും എല്ലാ പ്രവൃത്തി ദിവസവും രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെ പാസ്പോർട്ടുകൾ സ്വീകരിക്കും. അസ്സൽ പാസ്പോർട്ട് സമർപ്പിക്കും മുമ്പ് തീർത്ഥാടകർ വേണ്ട പകർപ്പുകൾ എടുത്തുവെക്കണമെന്നും ഹജ്ജ് കമ്മിറ്റി അധികൃതർ നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post