നരിക്കുനി: ഉത്തരാഖണ്ഡിൽ നടന്ന 38ാമത് ദേശീയ ഗെയിംസിൽ മോഡേൺ പെന്റാത്ത്‍ലണിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിരിക്കുകയാണ് ആയിശ ഹിബ. മിക്സഡ് റിലേയിൽ ആറാം സ്ഥാനം നേടിയാണ് താരം അഭിമാനമായത്. ഒളിമ്പിക് ഇനമായ മോഡേൺ പെന്റാത്ത്‍ലൺ പണ്ടു മുതലേ ലോകത്ത് നിലവിലുണ്ടെങ്കിലും ഇന്ത്യയിൽ ജനപ്രീതി കുറഞ്ഞ കായിക ഇനമാണ്. ഫെൻസിങ്, ഫ്രീ സ്റ്റൈൽ നീന്തൽ, കുതിര സവാരി, പിസ്റ്റൾ ഷൂട്ടിങ്, ക്രോസ് കൺട്രി റൺ എന്നീ അഞ്ച് ഇനങ്ങൾ ഉൾപ്പെടുന്നതാണ് മോഡേൺ പെന്റാത്ത്‍ലൺ.
ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി താരമായ ഹിബ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം നടത്തുന്ന ഹരിയാന, ഛത്തിസ്ഗഢ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എതിരാളികളോട് ഏറ്റുമുട്ടിയാണ് മടവൂർ സ്വദേശിയായ പതിനാറുകാരി കരുത്തുതെളിയിച്ചത്. രണ്ടുതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആയിശ ഹിബ റഗ്ബി താരം കൂടിയാണ്. പി.രാജീവ്, റിയാസ് അടിവാരം എന്നിവരുടെ കീഴിലാണ് പരിശീലിക്കുന്നത്. ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിൽ നിന്ന് ഇത്തവണത്തെ ദേശീയ ഗെയിംസിൽ ആയിശ ഹിബ ഉൾപ്പെടെ നാല് താരങ്ങൾ പങ്കെടുത്തിരുന്നു. കെ.കെ. മുസ്തഫ-ഹഫ്സത്ത് ദമ്പതികളുടെ മകളാണ്.