Trending

നിർമ്മാണം മന്ദഗതിയിൽ; കോക്കല്ലൂർ അങ്കണവാടി വാടക കെട്ടിടത്തിൽ തന്നെ.


ബാലുശ്ശേരി: കോക്കല്ലൂർ അങ്കണവാടിയുടെ പുതിയ കെട്ടിട നിർമ്മാണം ഒരുവർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. ശോച്യാവസ്ഥയിലായ വാടകക്കെട്ടിടത്തിലാണ് കുട്ടികൾ പഠിക്കുന്നത്. ബാലുശ്ശേരി പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കോക്കല്ലൂർ 28-ാം നമ്പർ അങ്കണവാടിയാണ് ഈ ദുരവസ്ഥ.

കോക്കല്ലൂർ- തത്തമ്പത്ത് റോഡിൽ നാട്ടുകാരുടെ സഹായത്തോടെ വാങ്ങിയ അഞ്ചുസെൻ്റ് സ്ഥലത്ത് നേരത്തേയുണ്ടായിരുന്ന കെട്ടിടം വിള്ളൽ വന്ന് അൺഫിറ്റ് ആയതിനെത്തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. 15 ലക്ഷം ജില്ലാപഞ്ചായത്തും അഞ്ചുലക്ഷം വീതം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേർത്ത് 25 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞവർഷം തുടങ്ങിയ പണി ഏതാണ്ട് പൂർത്തിയായെങ്കിലും വയറിങ്, ടൈൽ പാകൽ, ശൗചാലയം, അടുക്കള, വാതിൽ, ജനൽപ്പാളികൾ എന്നിവയുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. കോക്കല്ലൂരിൽത്തന്നെയുള്ള പഴയ വാടകവീട്ടിലാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിച്ചു വരുന്നത്. ഇവിടേക്കെത്താൻ തന്നെ ഏറെ പ്രയാസമാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.

മഴപെയ്താൽ മുട്ടോളം വെള്ളത്തിലാണ് വീടും പരിസരവും. അതുകൊണ്ടുതന്നെ നേരത്തേ 25-ഓളം കുട്ടികളുണ്ടായിരുന്ന അങ്കണവാടിയിൽ ഇപ്പോൾ പത്തിൽത്താഴെ പേരാണ് എത്തുന്നത്. ഉണ്ണികുളം ലേബർ കോൺട്രാക്ട് സൊസെറ്റിയാണ് കെട്ടിട നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. മഴക്കാലമാകും മുൻപേത്തന്നെ കെട്ടിട നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Post a Comment

Previous Post Next Post