കോട്ടയം: ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ തുടർപഠനം വിലക്കും. നഴ്സിംഗ് കൗൺസിലിന്റെതാണ് തീരുമാനം. റാഗിങ് പ്രതികളായ സാമൂവൽ,ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,വിവേക് എന്നിവർക്കെതിരെയാണ് കേരളാ നഴ്സിംഗ് കൗൺസിലിന്റെ നടപടി.
ഇതിനിടെ ഹോസ്റ്റലിൽ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും കല്ല് അടക്കമുള്ള വസ്തുക്കൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെ അഞ്ച് അധ്യാപകരുടെയും വിശദമായ മൊഴിയും രേഖപ്പെടുത്തി. വീഡിയോ പുറത്തുവന്ന ഇരയായ വിദ്യാർത്ഥിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ 5 ജൂനിയർ വിദ്യാർത്ഥികളെ സാക്ഷികളാക്കും.
അതേസമയം, റാഗിങ് വിവരം അറിഞ്ഞില്ലെന്ന കോളേജിൻ്റെ വാദം തള്ളുന്നതാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്. പ്രിൻസിപ്പൾ ഡോ. സുരേഖ എ.ടി, അസിസ്റ്റൻറ് പ്രൊഫസർ അജീഷ് പി. മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ നീക്കാനും തീരുമാനമായി.