Trending

പറഞ്ഞാൽ മതി, പണം ഗൂഗിൾ അയയ്ക്കും; പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾപേ

ബംഗളുരു: ഉപയോക്താക്കൾക്കായി പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾ പേ. വോയിസ് കമാൻഡ് വഴി യുപിഐ പേയ്മെൻ്റുകൾ നടത്താൻ അനുവദിക്കുന്നതാണ് ഫീച്ചർ. ഉപയോക്താക്കൾക്ക് ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. വോയ്സ് ഫീച്ചർ ആപ്പ് വഴി ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ കഴിയുമെന്ന് ഇന്ത്യയിലെ ഗൂഗിൾ പേയുടെ ലീഡ് പ്രൊഡക്റ്റ് മാനേജർ ശരത് ബുലുസു പറഞ്ഞു. ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. സാധാരണയായി ഇടപാടുകൾക്കായി യുപിഐയെ ആശ്രയിക്കുന്നവർക്ക് പുതിയ ഫീച്ചർ ഏറെ പ്രയോജനം ചെയ്യും.

ഗൂഗിൾ പേയിൽ വോയ്‌സ് കമാൻഡുകൾ അവതരിപ്പിക്കുന്നതോടെ, നിരക്ഷരർക്ക് പോലും ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നത് എളുപ്പമാകും. ഉപയോക്താക്കൾക്ക് ശബ്ദ നിർദ്ദേശങ്ങളിലൂടെ ഇടപാടുകൾ നടത്താൻ കഴിയും. പ്രാദേശിക ഭാഷകളിൽ പേയ്മെന്റുകൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള 'ഭാസിനി' എഐ പദ്ധതിയിൽ ഗൂഗിൾ കേന്ദ്ര സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. അതിനാൽ ഈ വോയ്‌സ് ഫീച്ചർ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് ഗൂഗിൾ, മെഷീൻ ലേണിങ്ങിലും എഐ സാങ്കേതികവിദ്യകളിലും കൂടുതൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയിൽ, ഫോൺപേയും ഗൂഗിൾ പേയുമാണ് യുപിഐ പേയ്മെന്റ് മേഖലയിൽ ആധിപത്യം പുലർത്തുന്നത്. 2024 നവംബറിലെ റിപ്പോർട്ട് അനുസരിച്ച്, മൊത്തം യുപിഐ ഇടപാടുകളുടെ 37 ശതമാനം ഗൂഗിൾ പേയിലൂടെയാണ് നടക്കുന്നത്. 47.8 ശതമാനം ഫോൺപേയും.

Post a Comment

Previous Post Next Post