ബത്തേരി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. മനുവിൻ്റെ ഭാര്യയെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കണ്ടെത്തി.
അതേസമയം, കാട്ടാനയാക്രമണത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.